Saturday, July 26, 2008

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

മനുഷ്യസമുദായത്തിനു പൊതുവേ ബാധകമായ ചില സാമന്യധര്‍മ്മങ്ങളും അവക്കു പുറമേ ഓരോ മനുഷ്യന്റേയും ജീവിതത്തെ പ്രത്യേകം സംബന്ധിക്കുന്ന ചില വിശേഷധര്‍മ്മങ്ങളും ഭാരതത്തിലെ ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്.

മനുഷ്യന്‍ തന്റെ ജീവിതം തുടങ്ങുന്നത്‌ വിദ്യാര്‍ത്ഥിയായിട്ടാകുന്നു (ബ്രഹ്മചര്യം). പിന്നെ വിവാഹം കഴിഞ്ഞു കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നു (ഗൃഹസ്ഥാശ്രമം). വാര്‍ദ്ധക്യത്തില്‍ ലൌകികവ്യവഹാരങ്ങളില്‍ നിന്നും വിരമിക്കുന്നു (വാനപ്രസ്ഥം). ഒടുവില്‍ സംസാരം ത്യജിച്ച്‌ തിതിക്ഷാനുശീലിയാകുന്നു (സന്യാസം).

ഈ അവസ്ഥകളെ ആശ്രമം എന്നാണു വിവക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ ഒരാശ്രമവും സ്വതവേ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഗൃഹസ്‌ഥാശ്രമിയുടെ ജീവിതം ഒരു സന്യാസിയുടെ ജീവിതത്തെപ്പോലെതന്നെ മഹത്വമുള്ളതാകുന്നു. തെരുവിലെ തോട്ടി സിംഹാസനസ്ഥനായ രാജാവിനെപ്പോലെതന്നെ മഹത്വമുള്ളവനാണ്‌. ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നിടത്ത്‌ അവര്‍ ധര്‍മം ആചരിക്കുന്നവരായി മാറുന്നു.

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചു ഈ പോസ്റ്റില്‍ പറയാം.

ഗൃഹസ്ഥന്റെ വലിയ കര്‍ത്തവ്യമെന്നത്‌ ഉപജീവനത്തിനു വേണ്ടതു സമ്പാദിക്കുകയാകുന്നു. എന്നാല്‍ അതു ചെയ്യുന്നതു കളവുപറഞ്ഞോ, അന്യരെ ചതിച്ചോ, അന്യരുടേതു തട്ടിപ്പറിച്ചോ ആകാതിരിക്കാന്‍ സൂക്ഷിക്കണം. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തന്നെ ആശ്രയിച്ചിരിക്കുന്നവരെ സേവിക്കാനുള്ളതാണെന്നു ഓര്‍മ്മയുണ്ടായിരിക്കണം.

അമ്മയും അച്ഛനും പ്രത്യക്ഷദൈവങ്ങളാണെന്നറിഞ്ഞ്‌ ഗൃഹസ്ഥന്‍ അവരെ സര്‍വദാ സന്തോഷിപ്പിക്കണം. അമ്മയും അച്ഛനും പ്രസാദിച്ചാല്‍ സാക്ഷാത്‌ ഈശ്വരന്‍ പ്രസാദിച്ചു. മാതാപിതാക്കളോട്‌ ഒരിക്കലും പരുഷമായ വാക്കുകള്‍ പറയാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തമ ഗൃഹനാഥന്‍.

അമ്മക്കും അച്ഛനും ഭാര്യയ്ക്കും മക്കള്‍ക്കും ദരിദ്രന്‍മാര്‍ക്കും വേണ്ടതു കൊടുത്തതിനുശേഷമല്ലാതെ ഗൃഹനാഥന്‍ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നുവെങ്കില്‍ അയാള്‍ പാപം ചെയ്യുന്നു. അമ്മയും അച്ഛനും ഈ ശരീരത്തിനു കാരണഭൂതരാകുന്നു. ആയതിനാല്‍ അവര്‍ക്കുവേണ്ടി മനുഷ്യന്‍ എത്രയും ക്ലേശങ്ങള്‍ സഹിക്കേണ്ടതാണ്‌.

ഇപ്രകാരം തന്നെയാണ്‌ ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം. ഭാര്യയെ ശകാരിക്കരുത്‌. അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌.

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ.


സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.


ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ സദ്‌ഗുണങ്ങളും സ്വായത്തമാവുകയും ചെയ്യുന്നതായിരിക്കും.

ഗൃഹസ്ഥന്‌ സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌. ആണ്മക്കളെ നാലു വയസ്സുവരെ പ്രേമപൂര്‍വ്വം ലാളിച്ചു വളര്‍ത്തണം. പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. പ്രായത്തിന്റെ അപക്വതയാല്‍ തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ തിരുത്തുന്നതിനായി ശിക്ഷിക്കുകയും വേണം. മക്കളുടെ തെറ്റുകള്‍ തിരുത്താത്ത, അതിനായി അവരെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ പിന്നീട്‌ മക്കളുടെ ശത്രുക്കളായി മാറും. ഇരുപതു വയസ്സായാല്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട് സ്വപുത്രനെ തനിക്കു തുല്യനായി കണക്കാക്കി സ്‌നേഹപൂര്‍വ്വം പെരുമാറണം.

ഇതേവിധം തന്നെ പെണ്മക്കളേയും വളര്‍ത്തുകയും തികഞ്ഞ നിഷ്കര്‍ഷയോടെ അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം. അവരെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്കു ധനവും ആഭരണങ്ങളും കൊടുക്കണം.

ഈ ശ്ലോകം ശ്രദ്ധിക്കുക.

കന്യാപ്യേവം പാലനീയാ ശിക്ഷണീയാതിയത്നത:
ദേയാ വരായ വിദുഷേ ധനരത്നസമന്വിതാ.


(സ്വന്തം മക്കളോടുള്ള കടപ്പാടിന്റെ പേരില്‍ മാതാപിതാക്കള്‍ കൊടുത്തിരുന്ന ധനം ഇന്നു 'സ്ത്രീധനം' എന്ന ഹീനനാമം രൂപം പൂണ്ട് നമ്മുടെ ഭാരതീയസമുദായത്തെ നികൃഷ്ടമാക്കിയതിന്റെ പ്രധാന കാരണം സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്ന പുരുഷന്‍മാരാണ്‌. ഈ ഒരാചാരത്തിന്റെ പേരില്‍ എത്രയെത്ര ഹൃദയങ്ങളാണ്‌ ഭാരതവര്‍ഷത്തിന്റെ എല്ലാ കോണുകളിലും ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്‌.)

ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദരന്മാരോടും അവര്‍ ദരിദ്രരാണെങ്കില്‍ അവരുടെ സന്താനങ്ങളോടും തന്റെ ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടുമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായത്തിനായി തന്നെ സമീപിക്കുന്നവരോടും അയാള്‍ക്കു കര്‍ത്തവ്യങ്ങളുണ്ട്‌. കഴിവുള്ളവനായ ഒരു ഗൃഹസ്ഥന്‍ സ്വന്തം ബന്ധുക്കള്‍ക്കും ദരിദ്രന്മാര്‍ക്കും ദാനം ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം. അയാള്‍ മനുഷ്യനല്ല.

ആഹാരം, വസ്ത്രം, കേശപ്രസാദനം എന്നിവയില്‍ ഒരു ഗൃഹസ്ഥന്‍ അമിതമായ ആസക്തി വെടിയണം. ഹൃദയനൈര്‍മ്മല്യവും ശരീരശുചിത്വവും പാലിക്കണം. ഗൃഹസ്ഥന്‍ സദാ ഉത്സാഹശീലനും കര്‍മ്മസന്നദ്ധനുമായിരിക്കണം. അമിതമായ മൈഥുനാസക്തി, ആലസ്യം എന്നിവ ഗൃഹസ്ഥനു ഭൂഷണമല്ല.

ഈ ശ്ലോകം ശ്രദ്ധിക്കുക.

നിദ്രാലസ്യം ദേഹയത്നം കേശവിന്യാസമേവ ച
ആസക്തിശമനേ വസ്ത്രാനാതിരിക്തം സമാചരേത്‌
യുക്താഹാരോ യിക്തനിദ്രോ മിത വാങ് മിത മൈഥുനാ:
സ്വേച്ഛാ നമ്ര: ശുചിര്‍ഭക്ഷോ യുക്ത: സ്യാത്‌ സര്‍വ്വകര്‍മ്മസു.


എന്നാല്‍ ഗൃഹസ്ഥന്‍ തന്റെ ശത്രുക്കളോടു ശൂരത കാണിക്കുന്നവനായിരിക്കണം. ശത്രുക്കളെ എതിര്‍ക്കണം. അതു ഗൃഹസ്ഥന്റെ ധര്‍മ്മമാകുന്നു. അയാള്‍ ഒരു മൂലയിലിരുന്നു കരഞ്ഞുകൊണ്ട്‌ തിതിക്ഷയെപ്പെറ്റി (തിന്മയെ എതിര്‍ക്കാന്‍ പാടില്ല എന്ന ചിന്താഗതി) അസംബന്ധം പുലമ്പരുത്‌. ശത്രുക്കളുടെ നേരെ ശൌര്യം പ്രകടിപ്പിക്കാത്ത ഗൃഹസ്ഥന്‍ സ്വധര്‍മ്മം നിര്‍വഹിക്കുന്നില്ല. എന്നാല്‍ സ്‌നേഹിതന്മാരോടും ബന്ധുക്കളോടും അയാള്‍ ആട്ടിന്‍കുട്ടിയെപ്പോലെ സൌമ്യനായിരിക്കണം.

ദുര്‍ജ്ജനങ്ങളെ പൂജിക്കാതിരിക്കേണ്ടത്‌ ഗൃഹസ്ഥന്റെ ധര്‍മ്മമാണ്‌. ദുര്‍ജ്ജനങ്ങളെ ബഹുമാനിക്കുന്നതിനാല്‍ അയാള്‍ പരോക്ഷമായി ദുഷ്ടതയെ പ്രോത്സാഹിപ്പിക്കുന്നു. വന്ദ്യന്‍മാരായവരേയും വൃദ്ധജനങ്ങളേയും സജ്ജനങ്ങളേയും അനാദരിക്കുന്നതും വലിയ തെറ്റാണ്‌. ഗൃഹസ്ഥന്‍ കൂട്ടുകാരെ തെരെഞ്ഞെടുക്കുന്നതില്‍ ആവേശം പ്രകടിപ്പിക്കരുത്‌. സ്‌നേഹിതന്മാരെ എവിടേയും ഉണ്ടാക്കുന്നതിയാഇ വഴിവിട്ടുപോകരുത്‌. ആരെയെങ്കിലും സ്‌നേഹിതന്മാരായി സ്വീകരിക്കുന്നതിനുമുന്‍പ്‌ അവരുടെ പ്രവൃത്തികളേയും അവര്‍ മട്ടുള്ളവരോടു പെരുമാറുന്ന രീതിയേയും നോക്കിക്കണ്ടു ഗുണദോഷനിരൂപണം ചെയ്യണം.ഈ ശ്ലോകം അതു വ്യക്തമാക്കുന്നു.

സൌഹാര്‍ദ്ദം വ്യവഹാരാംശ്ച പ്രവൃത്തീം പ്രകൃതീം നൃണാം
സഹവാസേന തര്‍ക്കൈശ്ച വിദിത്വാ വിശ്വസേത്‌ തത:


തന്റെ യശസ്സിനെപ്പറ്റിയോ, തന്റെ പൌരുഷത്തെക്കുറിച്ചോ, തന്റെ ധനത്തെപ്പറ്റിയോ ഒരു ഗൃഹസ്ഥന്‍ സംസാരിക്കരുത്‌. തന്നോടു ആരെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാളോട്‌ സ്വന്തം ഭാര്യയോടു പോലുമോ പറയാന്‍ പാടില്ല.

സ്വീയം യശ: പൌരുഷം ച ഗുപ്‌തേയ കഥിതം ച യത്‌
കൃതം യദുപകാരായ ധര്‍മ്മജ്ഞോ ന പ്രകാശയേത്.


ഗൃഹസ്ഥന്‍ താന്‍ ദരിദ്രനാണെന്നോ, ധനികനാണെന്നോ പറയരുത്‌. സ്വന്തം ധനത്തെക്കുറിച്ചു വമ്പു പറയരുത്‌. സ്വന്തം രഹസ്യങ്ങള്‍ ഉള്ളില്‍ തന്നെ വെച്ചുകൊള്ളണം. ഇത് അയാളുടെ ധര്‍മ്മമാണ്‌. ഇങ്ങനെ ചെയ്യാതിരിക്കുന്ന മനുഷ്യനെ അസദ്‌വൃത്തനായി കണക്കാക്കണമെന്നാണ്‌ ശാസ്ത്രഭാഷ്യം.

ഗൃഹസ്ഥന്‍ മാനസികമായി വളരെയേറെ ബലമുള്ളവനായിരിക്കണം. കാരണം തന്നെ ആശ്രയിച്ചു മറ്റനവധിപേര്‍ നിലകൊള്ളുന്നു എന്ന തികഞ്ഞബോധം ഗൃഹസ്ഥനിലുണ്ടായിരിക്കണം. ഗൃഹസ്ഥന്‌ ഒരു ദൌര്‍ബല്യം പറ്റിയാലും അയാള്‍ ഒരു തെറ്റു ചെയ്തുപോയാലും അങ്ങനെ വന്നുപ്പൊയി എന്നു പരസ്യമായി പറയരുത്‌. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്‌. ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത്‌ ഗൃഹസ്ഥനെ ന്യായമായ സ്വധര്‍മ്മനുഷ്ഠാനത്തിന്‌ അപ്രാപ്തനാക്കും.

ഗൃഹസ്ഥന്‍ അറിവും ധനവും ആര്‍ജ്ജിക്കാന്‍ തീവ്രമായി പ്രയത്നംചെയ്തുകൊണ്ടിരിക്കണം. ധനസമ്പാദനത്തിനായി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥന്‍ അസദ്‌വൃത്തനാകുന്നു. അനേകജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മാചാരിയാകുന്നു.

ധനത്തിനുവേണ്ടി അദ്ധ്വാനിച്ചു ദനം സമ്പാദിച്ചവരായി വളരെപ്പേര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന നാഗരികതയും പുരോഗതിയും നമ്മുടെ നാടിനുണ്ടാകുമായിരുന്നോ?

സമുദായത്തിന്റേയും ജീവിതത്തിന്റേയും കേന്ദ്രം ഇതിനാല്‍ ഗൃഹസ്ഥാശ്രമിയാകുന്നു. ഉത്കൃഷ്ടമാര്‍ഗ്ഗത്തിലൂടെ ധനസമ്പാദനം നടത്തി ഉത്കൃഷ്ടകാര്യങ്ങള്‍ക്കായി ചിലവാക്കുന്നത്‌ ഒരു തരം ഈശ്വരാരാധനയാകുന്നു.

സല്‍പ്പേരു സമ്പാദിക്കുവാന്‍ ഗൃഹസ്ഥന്‍ എല്ലാവിധത്തിലും അദ്ധ്വാനിക്കണം. അയാള്‍ ചൂതു കളിക്കുകയോ കളവു പറയുകയോ അന്യര്‍ക്കുയ് ദ്രോഹഹേതുവാകുകയോ അരുത്‌.

മനുഷ്യന്‍ പലപ്പോഴും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക നിമിത്തം ഉദ്ദേശ്യസിദ്ധിക്കുവേണ്ടി മറ്റുള്ളവരെ ചതിക്കുന്നു. നമ്മള്‍ ചെയ്യുന്ന ഏതു കാര്യത്തിലും കാലപരിഗണന ആവശ്യമുണ്ട്. ഒരവസത്തില്‍ പരാജയപ്പെട്ടേയ്ക്കവുന്ന ഒരു കാര്യം മറ്റൊരവസത്തില്‍ വലിയ വിജയമായി എന്നു വരാം.

ഗൃഹസ്ഥന്‍ എപ്പോഴും സത്യം പറയുന്നവനായിരിക്കണം. ജനങ്ങള്‍ക്കു ഗുണപ്രദവും പ്രിയങ്കരവുമായ വാക്കുകള്‍ ഉപയോഗിച്ചു സൌമ്യമായി സംസാരിക്കണം. അന്യരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കരുത്‌.

സത്യം മൃദുപ്രിയം ധീരോ വാക്യം ഹിതകരം വദേത്‌
അത്മൌത്‌കര്‍ഷ്യം തഥാ നിന്ദാം പരേഷാം പരിവര്‍ജ്ജയേത്.


ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിലോ, മിത്രങ്ങളുടെ പ്രാണരക്ഷാര്‍ഥമോ മരിക്കുന്നുവെങ്കില്‍ അയാള്‍ ധ്യാനം കൊണ്ടു യോഗികള്‍ പ്രാപിക്കുന്ന പദം തന്നെ പ്രാപിക്കുന്നു.
--തുടരും

Tuesday, July 22, 2008

സ്വന്തം ആഗ്രഹങ്ങളെ അടക്കിവെക്കാതിരിക്കുക

പരിത്യാഗങ്ങളെക്കുറിച്ചും അതു അനുശീലിച്ച മഹാന്‍മാരെക്കുറിച്ചും അതില്‍ നിന്നുളവാകുന്ന ശാന്തിയുടേയും സ്വച്ഛതയുടേയും അവസ്ഥയെക്കുറിച്ചുമൊക്കെയുള്ള ഉപദേശപ്രസംഗങ്ങള്‍ ആയിരമായിരം കൊല്ലങ്ങളായി നടന്നുവരുന്നു. നമ്മള്‍ ബാല്യം മുതലേ അതിനെക്കുറിച്ചും അത്തരം മഹാനുഭാവന്‍മാരെക്കുറിച്ചും കേട്ടിട്ടുമുണ്ട്. എങ്കിലും ആ നിലയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളവരായി വളരെ ചുരുക്കം ചിലരെ മാത്രമേ നാം കാണുന്നുള്ളൂ.

ഓരോരുത്തരും അവനവന്റെ ധര്‍മ്മം തിരഞ്ഞെടുത്ത്‌ അനുഷ്ഠിച്ചു പൂര്‍ത്തിയാക്കുവാനായി യത്നിക്കണം. അതാണ്‌ പരധര്‍മ്മനുഷ്ഠാനത്തേക്കാള്‍ ശ്രേയസ്സിലേക്കുള്ള ഉറപ്പായ മാര്‍ഗ്ഗം. പരധര്‍മ്മം ആര്‍ക്കും ഫലപ്രദമായി നിര്‍വഹിക്കാനാവുന്നതല്ല. ഒരു കൊച്ചുകുട്ടിയോട്‌ 100 കിലോമീറ്റര്‍ വഴി നടക്കാന്‍ പറഞ്ഞുവെന്നിരിക്കുക. ഒന്നുകില്‍ അതു വഴിയില്‍ വെച്ചു മരിച്ചുപോകും, അല്ലെങ്കില്‍ ആയിരത്തിലൊരെണ്ണമെങ്ങാനും ഇഴഞ്ഞിഴഞു ലക്ഷ്യപ്രാപ്‌തിയിലെത്തിയേക്കാം. ഇതുപോലെയാണ്‌ ലോകത്തോടു നാം സാധാരണയായി ആചരിച്ചുപോരുന്നത്‌.

ഏതു സമുദായത്തിലും സ്‌ത്രീപുരുഷന്‍മാര്‍ക്കെല്ലാവര്‍ക്കും ഒരേ വിധത്തിലുള്ള മനസ്‌സോ സാമര്‍ഥ്യമോ കര്‍മ്മകുശലതയോ ഇല്ല. അവര്‍ക്കു ഭിന്നങ്ങളായ ആദര്‍ശങ്ങളായിരിക്കും. ഒരു ആദര്‍ശത്തേയും അപഹസിക്കുവാനോ, തെറ്റെന്നു പറയുവാനോ നമുക്കവകാശമില്ല. ഓരോരുത്തരും അവരവരുടെ ആദര്‍ശത്തെ സാക്ഷാത്കരിക്കുവാന്‍ കഴിവിന്റെ പരമാവധി യത്നിക്കുന്നു.

അതുപോലെതന്നെ നിങ്ങളുടെ തോതു വെച്ചു എന്നെയോ, എന്റെ തോതു വെച്ചു നിങ്ങളെയോ അളക്കുന്നതും ശരിയല്ല. അരയാലിന്റെ തോതു വെച്ചു പേരമരത്തെയോ, പേരമരത്തിന്റെ തോതു വെച്ചു അരയാലിനെയോ അളക്കുകയോ അതിന്റെ ഗുണഗണങ്ങളെ മതിക്കുകയോ അരുത്‌.

നാനാത്വത്തില്‍ ഏകത്വമാണ്‌ സൃഷ്ടിയുടെ വ്യവസ്ഥ. തമ്മില്‍തമ്മില്‍ എത്ര തന്നെ വ്യത്യാസപ്പെട്ടിരുന്നാലും എല്ലാവരിലുമായി ഒരു ഏകത്വമുണ്ട്. പലതരം വ്യക്തികളും പലവിധ ജാതികളും സൃഷ്ടിയിലെ സ്വാഭാവികമായ വൈചിത്ര്യങ്ങളാകുന്നു. അതിനാല്‍ അവയെയെല്ലാം ഒരേ തോതു കൊണ്ടളക്കുകയോ എല്ലാവര്‍ക്കും ഒരേ ധര്‍മ്മം വിധിക്കുകയോ ചെയ്തുകൂടാ. അങ്ങനെ ചെയ്യുക വഴി സ്വപ്രകൃതിക്കു വിരുദ്ധമായ ഒരു ക്ലിഷ്ടജീവിതം സൃഷ്ടിക്കുകയായിരിക്കും . തത്ഫലമായി മനുഷ്യന്‍ തങ്ങളെത്തന്നെ വെറുത്തു തുടങ്ങുന്നതും അവര്‍ ധര്‍മ്മനിഷ്ഠന്മാരും സദ്‌വൃത്തന്‍മാരും ആകുന്നതു തടസ്സപ്പെടുന്നതും ആകുന്നു.

സ്വധര്‍മ്മമനുസരിച്ചു ജീവിക്കാനുള്ള യത്നത്തില്‍ ഓരോരുത്തരേയും പ്രോത്സാഹിപ്പിക്കുകയും ആ സ്വധര്‍മ്മത്തെ പരമധര്‍മ്മത്തോടു (സത്യത്തോട്‌) കഴിയുന്നതും അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാകുന്നു നമ്മുടെ യഥാര്‍ത്ഥ കര്‍ത്തവ്യം.

നിങ്ങള്‍ക്ക്‌ ധനത്തിനു ആഗ്രഹമുണ്ടായിരിക്കുകയും എന്നാല്‍ അതേ സമയം ധനത്തെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഒരുവനെ ഒരു വലിയ ദുഷ്ടനായിട്ടു ചിത്രീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ധനസമ്പാദനം നടത്തുന്നവരെ കുറ്റം പറഞ്ഞു മാറിയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ ധനസമ്പാദനത്തിനായി ക്ലേശപ്പെടാന്‍ ധൈര്യപ്പെടുന്നില്ല. എന്നാലും നിങ്ങളുടെ മനസ്സ്‌ ധനത്തിനു പിന്നാലെ രാവും പകലും ഓടിക്കൊണ്ടിരിക്കുന്നു. ഇത്‌ ഒരു തരം മിഥ്യാചാരമാണ്‌. നിഷ്‌പ്രയോജനവുമാണ്‌.

സംസാരത്തില്‍ മുങ്ങുക. പിന്നെ കുറെക്കാലം കഴിഞ്ഞ്‌ അതിലുള്ള സുഖങ്ങളും ദു:ഖങ്ങളും അനുഭവിച്ചു കഴിയുമ്പോള്‍ നിങ്ങളില്‍ വിരക്തി ഉദിക്കും. തുടര്‍ന്നു ശാന്തിയും ലഭിക്കും. അതുകൊണ്ടു നിങ്ങള്‍ അധികാരത്തിനും അതുപോലെ മറ്റെല്ലാത്തിനുമുള്ള ആഗ്രഹങ്ങള്‍ നിറവേറ്റുക. ആഗ്രഹപൂര്‍ത്തി വന്നതിനുശേഷം അവയെല്ലാം വളരെ തുച്ഛകാര്യങ്ങളായിരുന്നുവെന്നു നിങ്ങള്‍ക്കു ബോധം ഉദിക്കുന്ന ഒരു കാലം വരും.

ഈ ആഗ്രഹപൂര്‍ത്തി വന്നതിനുശേഷമല്ലാതെ, അതിനുള്ള കര്‍മ്മാനുഷ്ഠാനത്തില്‍ കൂടി കടന്നുപോയശേഷമല്ലാതെ നിങ്ങള്‍ക്ക്‌ ശാന്തിയുടേയും പ്രസന്നതയുടേയും ആത്മസമര്‍പ്പണത്തിന്റേയും അവസ്ഥയിലെത്തിച്ചേരുവാന്‍ സാധിക്കുന്നതല്ല.

മനുസ്‌മൃതിയിലെ ഒരു ശ്ലോകം ശ്രദ്ധിക്കുക.

ന മാംസഭക്ഷേണ ദോഷോ, ന മദ്യേ ന ച മൈഥുനേ
പ്രവൃത്തിരേഷാം ഭൂതാനാം നിവൃത്തിസ്തു മഹാഫലാ:


അതായത്‌ മാംസഭക്ഷണത്തില്‍ ദോഷമില്ല. മദ്യത്തിലും മൈഥുനത്തിലും ദോഷമില്ല. പ്രാണികള്‍ക്കു സഹജപ്രവൃത്തിയാണത്‌. എന്നാല്‍ ഇതില്‍ നിന്നും വിട്ടുമാറല്‍ വലിയ ഗുണം ചെയ്യും. പ്രവൃത്തിയില്‍ ആരും ആരേയും പ്രേരിപ്പിക്കേണ്ടതായിട്ടില്ല. അടങ്ങാത്ത ആഗ്രഹമുള്ളവര്‍ നിയമവിധേയമായി അനുഭവിച്ചുനോക്കി ക്രമേണ ചുരുക്കി ഒടുവില്‍ നിശ്ശേഷം പിന്‍മാറുകായാണ്‌ വേണ്ടത്‌. നിയമപരമായി വിവാഹവും യജ്ഞവും മറ്റും ഇതിനായിട്ടാണ്‌ നിര്‍ദ്ദേശിച്ചിച്ചിരുന്നത്.

ഇനി കര്‍മ്മത്തിലേക്കു കടക്കാം.

കര്‍മ്മം ചെയ്യുക, എന്നിട്ടു കര്‍മ്മഫലത്തില്‍ ചിന്ത പോകാതിരിക്കുക, ഒരാളെ സഹായിക്കുക, എന്നാല്‍ അയാള്‍ നന്ദിയുള്ളവനായിരിക്കണമെന്ന്‌ വിചാരിക്കാതിരിക്കുക, ഒരു സത്‌കര്‍മ്മം ചെയ്യുക, എന്നാല്‍ അതേ സമയം അതില്‍ നിന്നും തനിക്കു പേരോ പ്രശസ്തിയോ ഉണ്ടാകുന്നോ ഇല്ലയോ എന്നു നോക്കാതിരിക്കുക, ഇതു ലോകത്തില്‍ ഏറ്റവും പ്രയാസമുള്ള കാര്യമാകുന്നു. ലോകര്‍ പ്രശംസിക്കുമ്പോള്‍ മഹാഭീരുവായ ഒരുവനും ധീരനായി എന്നു വരാം. ജനസമുദായത്തിന്റെ അഭിനന്ദനത്തിനു പാത്രമാകുമ്പോള്‍ മഠയനും വീരകൃത്യങ്ങള്‍ ചെയ്തു എന്നു വരാം. എന്നാല്‍ സഹജീവികള്‍ അഭിനന്ദിക്കുന്നുണ്ടോ ഇല്ലയോ എന്നു ചിന്ത പോകാതെ നിരന്തരം നന്‍മ ചെയ്തുകൊണ്ടിരിക്കുക എന്നതു മനുഷ്യനെ സംബന്ധിച്ച്‌ അത്യുത്‌കൃഷ്ടമായ ത്യാഗമാകുന്നു.

ഭാര്യയും കുട്ടികളും തന്നാല്‍ സംരക്ഷിക്കപ്പെടേണ്ട മറ്റു പലതുമുള്ള ഒരു ഗൃഹനാഥന്‌ സ്വധര്‍മ്മങ്ങള്‍ എല്ലാം അന്യൂനം അനുഷ്ഠിക്കുകയെന്നത്‌ അത്യന്തം പ്രയാസമുള്ള ജോലിയാണെന്നു നമുക്കറിയാം. നമ്മുടെ ഭാരതീയശാസ്ത്രധാരയില്‍ ഗൃഹസ്ഥാശ്രമിയുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ അടുത്ത പോസ്റ്റിലെഴുതാം.

ഒരു ശ്ലോകം കൂടി:

ന ത്വേവാത്മാവമന്തവ്യ: പുരുഷേണ കദാചന
ന ഹ്യാത്മപരിഭൂതസ്യ ഭൂതിര്‍ഭവതി ശോഭനാ:


(ഒരു പുരുഷന്‍ ഒരു കാലത്തും അവനവനെ അവമതിക്കരുത്‌. ആത്മനിന്ദ സൂക്ഷിക്കുന്ന പുരുഷന്‌ ഒരിക്കലും അഭിവൃദ്ധിയുണ്ടാവുകയില്ല.)

Sunday, July 20, 2008

കര്‍മ്മത്തെക്കുറിച്ച്‌ പറഞ്ഞാല്‍ തീരുമോ?

ചില ജന്തുക്കള്‍ക്ക്‌ ഏതാനും അടി ദൂരത്തിനപ്പുറം കാഴ്ചയില്ലാത്തത്തുപോലെ നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു കാഴ്ച്ചയെത്തുന്നില്ല. ഒരു ചെറിയ ഇടുങ്ങിയ വൃത്തം. അതാണു നമ്മുടെ ലോകം. അതിനപ്പുറത്തേക്കു നോക്കുവാനുള്ള ക്ഷമ നമ്മള്‍ക്കില്ല. അതിനാല്‍ നമ്മള്‍ അസന്‍മാര്‍ഗ്ഗചാരികളും ദുഷ്ടബുദ്ധികളുമായി തീരുന്നു. ഇതാണു നമ്മുടെ ദൌര്‍ബല്യം, നമ്മുടെ ശക്തിഹീനത.

ഏറ്റവും താണതരത്തിലുള്ള കര്‍മ്മം പോലും നിന്ദിക്കത്തക്കതല്ല. മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും അലസമായ കൈകളേക്കാള്‍ ശ്രേഷ്ഠമാണെന്നല്ലേ പറയാറുള്ളത്‌. കര്‍മ്മം ചെയ്യാന്‍ നമുക്ക്‌ അവകാശമുണ്ട്. എന്നാല്‍ കര്‍മ്മഫലത്തിനില്ല താനും. നിങ്ങള്‍ ഒരാളെ സഹായിക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ അയാള്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്നുള്ളതിനെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കരുത്. അങ്ങനെയാകാന്‍ നമ്മളിലെത്രപേര്‍ക്കു കഴിയും?

സമുദ്രത്തിന്റെ അഗാധതലങ്ങളില്‍ ജീവിക്കുന്ന മത്സ്യത്തെ അവിടെനിന്നും ഉപരിതലത്തിലേക്കു കൊണ്ടുവരുമ്പോള്‍ അതിന്റെ ശരീരസന്ധാരകമായി വര്‍ത്തിച്ചിരുന്ന ജലസമ്മര്‍ദ്ദം ഇല്ലാതാകുന്നതുകൊണ്ട് അതിനു ശ്വാസം കഴിക്കാനാകാതെ ഹൃദയം തകര്‍ന്ന്‌ മരിക്കുന്നു. അതുപോലെ, ഏകാന്തതയില്‍ ജീവിച്ചു ശീലിച്ച ഒരു മനുഷ്യന്‍ പ്രക്ഷുബ്ധമായ പ്രപഞ്ചച്ചുഴിയില്‍ തകര്‍ന്നുപോകും. ജീവിതത്തിന്റെ തിക്കിത്തിരക്കില്‍ പരിചയിച്ച ഒരുവന്‍ പ്രശാന്തമായ ഒരു സ്‌ഥലത്തു വരുമ്പോള്‍ അവിടെ സ്വസ്ഥതയോടെ കഴിയുവാന്‍ അയാള്‍ക്കു സാധിക്കുമോ? ഒരു പക്ഷേ അയാള്‍ ചിത്തഭ്രമത്തിനുപോലും അടിപ്പെട്ടേക്കാം. എന്നാല്‍ നിശ്ശബ്ദതയിലും ഏകാന്തതയിലും കര്‍മ്മനിബിഡത ദര്‍ശിക്കുവാനും നിബിഡമായ കര്‍മ്മാനുഷ്ഠാനമദ്ധ്യത്തിലും ഒരു വിജനപ്രദേശത്തെ നിശ്ശബ്ദതയും ഏകാന്തതയും കാണുവാനും ഏതൊരാള്‍ക്കു സാധിക്കുമോ ആ മനുഷ്യനാകുന്നു യഥാര്‍ത്ഥ ആദര്‍ശപുരുഷന്‍.

നമ്മുടെ പ്രകൃതി മൂന്നു ഗുണങ്ങള്‍ കൂടിച്ചേര്‍ന്നതാണ്‌. അവയെ ഭാരതീയ ചിന്താധാരയില്‍ സത്വം, രജസ്സ്‌, തമസ്സ്‌ എന്നു പറയുന്നു. അവ ഭൌതികലോകത്തു പ്രത്യക്ഷപ്പെടുന്നത്‌ സമത, പ്രവൃത്തി, ജഡത എന്നീ രൂപങ്ങളിലാണെന്നു പറയാം. ഓരോ മനുഷ്യനിലും ഈ മൂന്നു ശക്തികളുമുണ്ട്. ചിലപ്പോള്‍ തമസ്സ്‌ മുന്നിട്ടു നില്‍ക്കുന്നു. അപ്പോള്‍ നാം അലസന്‍മാരായി തീരുന്നു. നമുക്കനങ്ങാന്‍ വയ്യ- ചില വിചാരങ്ങള്‍ കൊണ്ടോ, വെറും ജാഡ്യം നിമിത്തമോ നാം നിഷ്‌ക്രിയന്മാരായിരിക്കും. ചിലപ്പോള്‍ കര്‍മ്മോത്സുകത മുന്നിട്ടു നില്‍ക്കുന്നു. മറ്റു ചിലപ്പോള്‍ ഈ രണ്ട്‌ അവസ്ഥകളുടേയും സാമ്യാവസ്ഥയായ ശാന്തതയും പ്രകാശിക്കുന്നു.

ഓരോ മനുഷ്യനിലും ഇതിലേതെങ്കിലും ഒരു ഗുണം മികച്ചു നില്‍ക്കും. ഒരാള്‍ പ്രകൃത്യാ അലസന്‍, നിഷ്‌ക്രിയന്‍, മറ്റൊരാള്‍ സ്വതേ ഉത്‌സാഹശീലന്‍, കര്‍മ്മോത്സുകന്‍, ഊര്‍ജ്വസ്വലന്‍; വേറൊരാള്‍ ശാന്തന്‍, സൌമ്യന്‍, മധുരപ്രകൃതി, ഇങ്ങനെ ഈ വിവിധ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലോടുകൂടിയ അഭിവ്യക്തി മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലുമെല്ലാമുണ്ട്.

പല പടികളോടുകൂടിയ ഒരു സംഘടനയാണ്‌ മനുഷ്യസമുദായം. സദാചാരത്തെക്കുറിച്ചു നമുക്കൊക്കെ അറിയാം. കര്‍ത്തവ്യത്തെപ്പറ്റിയും അറിയാം. എന്നാല്‍ സദാചാരത്തിന്റെ പൊരുള്‍ ഓരോ പ്രദേശത്തും ഓരോ പ്രകാരത്തിലാണെന്നും നമ്മള്‍ കാണുന്നു. ഒരു രാജ്യത്തു സദാചാരമെന്നു കരുതപ്പെടുന്നത്‌ മറ്റൊരു രാജ്യത്ത്‌ ദുരാചാരമായി കണക്കാക്കപ്പെടാം. ഉദാഹരണമായി ഒരു ദേശത്തു സഹോദരസന്താനങ്ങള്‍ക്കു തമ്മില്‍ വിവാഹമാകാം, എന്നാല്‍ മറ്റൊരു രാജ്യത്ത്‌ അത്‌ നിഷിദ്ധമാകുന്നു. ഒരു രാജ്യത്തു ഭാര്യാസഹോദരിയെ വിവാഹം ചെയ്യാം, എന്നാല്‍ മറ്റൊരു ദേശത്ത്‌ ഇതു സദാചാരവിരുദ്ധമാണ്‌. ഒരു രാജ്യത്ത്‌ ഒരാള്‍ക്ക്‌ ഒരിക്കലേ വിവാഹം ചെയ്യാവൂ, എന്നാല്‍ മറ്റൊരിടത്തു പല പ്രാവശ്യമാകാം. ഇതുപോലെ സദാചരപരമായ മറ്റെല്ലാ തുറകളിലും പല ജനസമുദായങ്ങളുടേയും പ്രമാണങ്ങള്‍ക്കു തമ്മില്‍ വലിയ അന്തരമുണ്ട്.

കര്‍ത്തവ്യത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. ഒരു രാജ്യത്ത്‌ ഒരാള്‍ ഒരു കാര്യം ചെയ്യാതിരുന്നാല്‍ അയാള്‍ തെറ്റു പ്രവര്‍ത്തിച്ചു എന്നു ജനങ്ങള്‍ പറയും. മറ്റൊരു രാജ്യത്ത്‌ അയാള്‍ അതേ കാര്യം ചെയ്താല്‍ അതു ശരിയായില്ലാ എന്നും ജനങ്ങള്‍ പറയും. ഒരു ഭടന്‍ തന്റെ തോക്കുപയോഗിച്ച്‌ ശത്രുരാജ്യത്തെ ഭടനെ വെടിവെച്ചുകൊന്നാല്‍ അതു ശരി, എന്നാല്‍ അതേ തോക്കുപയോഗിച്ച്‌ സ്വന്തം രാജ്യത്തെ ഭടനെ വെടിവെക്കുമ്പോള്‍ അതു തെറ്റ്‌. കര്‍മ്മം ഒന്നു തന്നെയെങ്കിലും അതു കര്‍ത്തവ്യത്തിന്റെ ദൃഷ്ടികോണിലൂടെ നോക്കിക്കാണുമ്പോള്‍ വ്യത്യസ്തമായി കണക്കാക്കപ്പെടുന്നു.

ചില കാര്യങ്ങള്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ പെട്ടതാണെന്നു ഒരു ജനസമുദായം വിചാരിക്കുന്നു. അതേ കാര്യങ്ങള്‍ അകര്‍ത്തവ്യങ്ങളായി മറ്റൊരു ജനസമുദായം കരുതുന്നു. അവര്‍ക്ക്‌ അതു ചെയ്യേണ്ടിവരികയെന്നുള്ളതു ഭയങ്കരമായി തോന്നും.

ഈ വഴിയില്‍ നമുക്കു രണ്ടു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഒന്ന്‌ അജ്ഞന്‍മാരുടേത്‌ - അതു സത്യത്തിലെത്തിച്ചേരാന്‍ ഒരു വഴിയേ ഉള്ളൂ എന്നും മറ്റെല്ലാം തെറ്റാണെന്നും വിചാരിക്കുന്നവരുടെ വഴി. മറ്റേതു വിജ്ഞന്‍മാരുടേത്‌ - അതു നമ്മുടെ മാനസികഘടനയ്ക്കും ജീവിത നിലയുടെ വ്യതാസത്തിനും അനുസരിച്ചു കര്‍ത്തവ്യവും സദാചാരവും വ്യത്യാസപ്പെടാം എന്നു സമ്മതിക്കുന്നവരുടെ വഴി. എന്തുകൊണ്ടോ ഈ വിജ്ഞന്‍മാരുടെ വഴി സ്വീകരിക്കുന്നവര്‍ ഇന്നു നമ്മുടെ ഭാരതത്തില്‍ കുറഞ്ഞുവരുന്നതായി കാണുന്നു. എല്ലാ സാമൂഹിക പ്രശ്നങ്ങളുടേയും അടിത്തറയും മറ്റൊന്നല്ല.

ഒരു ശ്ലോകത്തിലൂടെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നു.

ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ
സാത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു
സത്വാനുരൂപാ സര്‍വസ്യ ശ്രദ്ധാ ഭവതി ഭാരതാ
ശ്രദ്ധാമയോമയം പുരുഷോ യോ യച്റദ്ധ: സ ഏവ സ:


(ഇഷ്ടമായ ആദര്‍ശത്തില്‍ അവനവനുള്ള വിശ്വാസമാണ്‌ ശ്രദ്ധ. ശ്രദ്ധ അവനവന്റെ സ്വഭാവത്തില്‍ നിന്നു വരുന്നതാണ്‌. അതു സാത്വികം, രാജസം, താമസം എന്ന്‌ മൂന്നു വിധത്തിലാണ്‌. ഒരോതരം സംസ്കാരമാണ്‌ ഒരോരുത്തരുടേയും അന്ത:കരണത്തില്‍. അന്ത:കരണത്തിനനുസരിച്ചാണ്‌ സര്‍വപേരുടേയും ശ്രദ്ധ വരുന്നത്‌. വളരെയേറേ ശ്രദ്ധാമയനായ ജീവി മനുഷ്യനാണ്‌. എന്തെന്നാല്‍ ഒരുവനില്‍ ഏതു തരം ശ്രദ്ധയാണോ ഉള്ളത്‌ അവന്‍ അത്തരക്കാരനായി തന്നെ വര്‍ത്തിക്കുന്നു.)

Saturday, July 19, 2008

കര്‍മ്മം ചെയ്യാന്‍ പഠിക്കാനായിട്ടെന്താണുള്ളത്?

കര്‍മ്മം ചെയ്യാന്‍ പഠിക്കാനായിട്ടെന്താണുള്ളത്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു കര്‍മ്മം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ, പിന്നെ എന്താണ്‌ കൂടുതലായി അതില്‍ അറിയാനുള്ളത്‌ എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിച്ചുകളയുക എന്നൊന്നുണ്ട്. കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളുടെ അടക്കലുകള്‍ ശീലിക്കാത്തിടത്തോളം വെറുതെ കര്‍മ്മം ചെയ്തു തളരുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയമായ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനെയാണ്‌ കര്‍മ്മയോഗം എന്നു നമ്മള്‍ ഭാരതീയര്‍ പറയുന്നത്.

ജ്ഞാനവും ശക്തിയും ഓരോ മനുഷ്യനിലുമുണ്ട്. അവയെ പുറത്തേക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയായിരിക്കണം വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍. മനുഷ്യന്‍ വിവിധ ഉദ്ദേശ്യങ്ങളാല്‍ കര്‍മ്മം ചെയ്യുന്നു. ഉദ്ദേശ്യമില്ലാത്ത ഒരു കര്‍മ്മവുമില്ല. ചില മനുഷ്യര്‍ക്കു കീര്‍ത്തി വേണമെന്നുണ്ട്. അവര്‍ അതിനുവേണ്ടി കര്‍മ്മം ചെയ്യുന്നു. വേറെ ചിലര്‍ക്ക്‌ പണം വേണം. അവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ക്ക്‌ അധികാരശക്തിയാണാവശ്യം. അവര്‍ അതിലേക്കായി പ്രവര്‍ത്തിക്കുന്നു. ഇനിയും ചിലര്‍ മരണാനന്തരം തങ്ങളുടെ പേരു നിലനില്‍ക്കാനായി കര്‍മ്മം ചെയ്യുന്നു.

ചൈനയില്‍ മരിച്ചതിനുശേഷമല്ലാതെ ആര്‍ക്കും ഒരു ബഹുമതി ലഭിക്കുകയില്ല. നമ്മുടെ രീതിയേക്കാള്‍ എത്രയോ മെച്ചപ്പെട്ട ആചാരമാണത്. ചൈനയില്‍ ഒരാള്‍ എന്തെങ്കിലും ഉത്കൃഷ്ടമായ ഒരു പ്രവൃത്തി ചെയ്താല്‍ അവര്‍ അയാളുടെ പിതാവിനോ, പിതാമഹനോ പ്രഭുസ്‌ഥാനം നല്‍കും. അതുകൊണ്ട് ചിലര്‍ അതിനായി കര്‍മ്മം ചെയ്യുന്നു.

ചിലര്‍ പ്രായശ്ചിത്തത്തിന്റെ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നു. എല്ലാ തരത്തിലുമുള്ള ദുഷ്‌കര്‍മ്മങ്ങളും ചെയ്തിട്ട്‌ ഒടുവില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയോ ദൈവങ്ങള്‍ക്കു വഴിപാടുകള്‍ നടത്തുകയോ ചെയ്യും. എന്നിട്ട് പുരോഹിതന്റെ പക്കല്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു പ്രവേശനപത്രം ലഭിക്കാന്‍ കൈക്കൂലിയായി അവര്‍ക്കു വല്ലതും ദാനം ചെയ്യും. എന്തു പാപം ചെയ്താലും ഈ വിധം ദാനധര്‍മ്മത്താല്‍ പാപമോചനം ലഭിക്കുമെന്നുംയാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരികയില്ലായെന്നും അവര്‍ വിചാരിക്കുന്നു. അതിനായാണ്‌ അവര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നാനാവിധ ഉദ്ദേശ്യങ്ങളാണ്‌ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുന്നത്‌.

എന്നാല്‍ കീര്‍ത്തിയോ സ്വര്‍ഗ്ഗപ്രാപ്തിയോ യാതൊന്നും ആഗ്രഹിക്കാതെ കര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന വിശിഷ്ടപുരുഷന്‍മാര്‍ ഏതു രാജ്യത്തുമുണ്ട്‌. അവരാണ്‌ ലോകത്തിലെ യഥാര്‍ത്ഥ ധര്‍മ്മസേതുക്കള്‍. തന്റെ കര്‍മ്മത്തില്‍ നിന്നും നന്‍മ ലഭിക്കും എന്നുള്ളതുകൊണ്ടു മാത്രം കര്‍മ്മം ചെയ്യുന്നവര്‍. ആയതിനാല്‍ ഇവര്‍ പാവങ്ങള്‍ക്കു നന്‍മ ചെയ്യുകയും മനുഷ്യരെ സഹായിക്കുകയും ചെയ്യുന്നു. പേരും പെരുമയും ലാക്കാകിക്കൊണ്ടുള്ള കര്‍മ്മങ്ങള്‍പ്രായേണ ഉടനടി ഫലം തരുന്നില്ല. വൃദ്ധാവസ്ഥയിലെത്തുമ്പോഴായിരിക്കും അവ വന്നു ചേരുക. ഒരു മനുഷ്യന്‍ സ്വാര്‍ത്ഥപരമായ യാതൊരു ഉദ്ദേശ്യവുമില്ലാതെ കര്‍മ്മം ചെയ്താല്‍ അയാള്‍ക്ക്‌ യാതൊരു നേട്ടവും കൈ വരുന്നില്ലേ? ഉണ്ട്‌. അയാള്‍ക്കു പരമമായ നേട്ടം ഉണ്ടാകുന്നു. നിസ്സ്വാര്‍ത്ഥതയാണ്‌ അധികം ലാഭകരം. അതഭ്യസിക്കാനുള്ള ക്ഷമ ജനങ്ങള്‍ക്കില്ലായെന്നേയുള്ളൂ.

പ്രേമം, സത്യം, നിസ്സ്വാര്‍ത്ഥത ഇവ സദാചാരപരമായ വെറും അലങ്കാരവാക്കുകളല്ല. പരമമായ ആദര്‍ശങ്ങളാകുന്നു. അവയില്‍ നിന്നാണ്‌ ഒരു മനുഷ്യന്‌ ശക്തിയുടെ ഗംഭീരപ്രകാശനം ഉണ്ടാകുന്നത്‌.

യാതൊരു സ്വാര്‍ത്ഥതാത്പര്യമില്ലാതെ, ഭാവിയെക്കുറിച്ചുള്ള ആധിയില്ലാതെ, സ്വര്‍ഗ്ഗനരക വിചാരമില്ലാതെ, അഞ്ചുനിമിഷമെങ്കിലും ഒരാള്‍ക്കു കര്‍മ്മം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഗംഭീരനായ ഒരു ധര്‍മ്മാത്മാവായി തീരാനുള്ള കഴിവ്‌ ആ മനുഷ്യനിലുണ്ട്. അങ്ങനെ കര്‍മ്മം ചെയ്യാന്‍ വളരെ പ്രയാസമാണ്‌.

എന്നാല്‍ അത്തരം കര്‍മ്മത്തിന്റെ വിലയും അതുകൊണ്ടുണ്ടാകുന്ന നന്‍മയും നമ്മള്‍ ഓരോ ഭാരതീയന്റേയും ഹൃദയാന്തര്‍ഭാഗങ്ങളില്‍ നമുക്ക്‌ അറിയാം. അവിടെയാണ്‌ നമ്മുടെ സംസ്കാരത്തിന്റെ മഹിമ കുടികൊള്ളുന്നതും. ഒരു ശ്ലോകത്തോടെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാം.

ധൃത്യാ ശിശ്‌നോദരം രക്ഷേത്, പാണിപാദം ച ചക്ഷുഷാ
ചക്ഷു:ശ്രോത്രേ ച മനസാ മനോ വാചം ച വിദ്യയാ


(ലൈംഗികാവയവം, ഉദരം എന്നിവയെ തന്റേടം കൊണ്ടും, കൈകാലുകളുടെ ചാപല്യങ്ങളെ കണ്ണുകള്‍ കൊണ്ടും, കണ്ണിനേയും കാതിനേയും മനസ്സു കൊണ്ടും, മനസ്സും വാക്കും വിദ്യകൊണ്ടും രക്ഷിക്കപ്പെടണം. അങ്ങനെയുള്ളവരില്‍ അഭൌമമായ ശക്തി ഉണ്ടാകുന്നു.)

പരാഞ്ചീ ഖാനി വ്യതൃണത്‌ സ്വയംഭൂ-
സ്തസ്‌മാത്‌ പരാങ് പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീര: പ്രത്യഗാത്മാനമൈക്ഷദാ-
വൃത്ത ചക്ഷുര മൃതത്വമിച്ഛന്‍.


(മനുഷ്യശരീരത്തിലെ എല്ലാ സുഖദായികളായ ഇന്ദ്രിയങ്ങളേയും പുറത്തേക്കു തള്ളിനില്‍ക്കുന്ന രീതിയിലാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് പുറത്തുള്ള വിഷങ്ങളല്ലാതെ അന്തരാത്മാവിനെ ഈ ഇന്ദ്രിയങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഒരു ധീരന്‍ അമൃതത്വം ആഗ്രഹിക്കുന്നുവെങ്കില്‍ കണ്ണു തുടങ്ങിയ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍മടക്കി ഉള്ളില്‍ വിളയുന്ന ആത്മാവിനെ കാണേണ്ടതാണ്‌.)

---- തുടരും

Friday, July 18, 2008

കര്‍മ്മം സ്വഭാവത്തില്‍ ചെലുത്തുന്ന സ്വാധീനത

ചെയ്യുക എന്നര്‍ത്ഥം വരുന്ന 'കൃ' എന്ന സംസ്കൃത ധാതുവില്‍ നിന്നാണ്‌ കര്‍മ്മം എന്ന വാക്കുണ്ടായത്. ആയതിനാല്‍ നാം ചെയ്യപ്പെടുന്നതെല്ലാം കര്‍മ്മം.

ഭാരതീയ സംസ്കൃതിയില്‍ ജീവിതലക്ഷ്യമെന്നത് ജ്ഞാനവും വരും തലമുറക്കുവേണ്ടിയുള്ള സൌകര്യ സമ്പാദനവുമാണ്‌. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ദ്രിയസുഖമല്ല. ഭോഗങ്ങളും സുഖങ്ങളും ഒരിക്കല്‍ നശിക്കുമെന്ന ഒരു തിരിച്ചറിവ്‌ എന്തുകൊണ്ടോ ഓരോ ഭാരതീയനും ഉണ്ട്. ഭോഗമാണ്‌ ജീവിതലക്ഷ്യമെന്നു കരുതുന്നത് അബദ്ധമാണ്‌ എന്ന ഒരു അവബോധം ഇന്റര്‍നെറ്റ് യുഗത്തിലെ, ഇന്നത്തെ തലമുറയിലെ കുട്ടികളില്‍ പോലും ഉണ്ട് എന്നതാണ്‌ നമ്മള്‍ ഭാരതീയരുടെ സവിശേഷത.

എല്ലാ മനുഷ്യനും ജീവജാലങ്ങള്‍ക്കും സുഖവും ദു:ഖവും എന്ന രണ്ടു അവസ്ഥകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. ഈ അവസ്ഥകള്‍ വിവിധങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ പതിക്കുന്നു. ഈ രണ്ടു അവസ്ഥകളുടെ സംയുക്തഫലത്തെയാണ്‌ ഒരാളുടെ 'സ്വഭാവം' എന്നു പറയുന്നത്. ഒരാളുടെ സ്വഭാവം എന്നതു അയാളുടെ വാസനകളുടെ ആകെത്തുക, മാനസിക പ്രവണതകളുടെ മൊത്തഫലം എന്നതു മാത്രമാകുന്നു. ഒരാളുടെ സ്വഭാവ രൂപീകരണത്തില്‍ സുഖത്തിനും ദു:ഖത്തിനും തുല്യ പങ്കാണ്‌.

ചില അവസരങ്ങളില്‍ ദു:ഖമാണ്‌ സുഖത്തേക്കാള്‍ വലിയ ഗുരു. ലോകത്തിലെ മഹാന്‍മാരുടെ ജീവചരിത്രം പരിശോധിച്ചാല്‍ വെളിവാകുന്ന ഒരു കാര്യമുണ്ട്. അവരില്‍ അന്തര്‍ലീനമായിരുന്ന വീര്യാഗ്നിയെ, അഥവാ കഴിവിനെ ജ്വലിപ്പിച്ചത്‌ പ്രശംസയേക്കാള്‍ പ്രഹരങ്ങളായിരുന്നു എന്നു നമുക്കു മനസ്സിലാകുന്നു.

ജ്ഞാനം എന്നത്‌ മനുഷ്യനില്‍ സ്വത:സിദ്ധമായിട്ടുള്ളതാണ്‌. ഒന്നും വെളിയില്‍ നിന്നും വരുന്നില്ല. ഒരു മനുഷ്യന്‍ 'അറിയുന്നു' എന്നു പറയുമ്പോള്‍ അയാള്‍ 'മറ നീക്കി കണ്ടെത്തിയിരിക്കുന്നു' എന്നു മാത്രമാണ്‌ അര്‍ത്ഥം. ന്യൂട്ടണ്‍ ആകര്‍ഷണശക്തി കണ്ടുപിടിച്ചു എന്നു പറയുന്നു. അതു ന്യൂട്ടണെ കാത്ത്‌ വല്ല മൂലയിലും ഒളിച്ചിരിക്കുകയായിരുന്നോ? അത്‌ അദ്ദേഹത്തിന്റെ മനസ്സില്‍ തന്നെയുണ്ടായിരുന്നു. കാലം വന്നപ്പോള്‍ അതു അദ്ദേഹത്തിനു ഗോചരമായി. ഇതുപോലെ ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ജ്ഞാനം മുഴുവന്‍ മനസ്സില്‍ നിന്നും വന്നിട്ടുള്ളതാകുന്നു.

ഈ ലോകത്തിനെ സംബന്ധിച്ച അനന്തമായ അറിവുകള്‍ നമ്മുടെ മനസ്സില്‍ തന്നെയുണ്ട്. എന്നാല്‍ വളരെയാളുകളുടെയും കാര്യത്തില്‍ അതു മൂടിക്കിടക്കുകയാണ്‌. ആ ആവരണം കുറച്ചു കുറച്ചു നീക്കപ്പെടുമ്പോള്‍ അതിനെയാണ്‌ നമ്മള്‍ 'പഠിക്കുന്നു' എന്നു പറയുന്നത്‌. ആരില്‍ അതു കട്ടിയായി കിടക്കുന്നുവോ അയാള്‍ അജ്ഞനാകുന്നു.

ശരീരം കൊണ്ടും മനസ്സു കൊണ്ടും നമ്മള്‍ ചെയ്യുന്നതൊക്കെയും കര്‍മ്മമാണ്‌. ഒട്ടധികം കര്‍മ്മങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെ സമാഹാരം പോലെയുള്ള കര്‍മ്മങ്ങളുമുണ്ട്. കടലോരത്ത് തിരയടിക്കുമ്പോള്‍ നമ്മള്‍ ഒരു വലിയ ശബ്ദം കേള്‍ക്കുന്നു. എന്നാല്‍ ഓരോ വലിയ തിരയും ലക്ഷക്കണക്കിനു ചെറിയ തിരകള്‍ ചേര്‍ന്നുണ്ടാകുന്നതാണെന്നു നമുക്കറിയാം. ഓരോ ചെറു തിരയും ഒരു ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്, പക്ഷേ നാം അതു കേള്‍ക്കുന്നില്ല. അവയെല്ലാം കൂടിച്ചേര്‍ന്നു വലിയ ശബ്ദമാകുന്നതു മാത്രമേ നമ്മള്‍ കേള്‍ക്കുന്നുള്ളൂ. അതുപോലെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും കര്‍മ്മമാകുന്നു. ചില കര്‍മ്മങ്ങള്‍ നമ്മുടെ അറിവില്‍ പെടുന്നു,ചിലതു ഗോചരമാകുന്നു. ഇതൊക്കെ അനേകം ചെറു കര്‍മ്മങ്ങളുടെ സമാഹാരവുമാകുന്നു.

ഒരാളുടെ സ്വഭാവത്തെക്കുറിച്ചു ശരിയായി വിധി കല്‍പ്പിക്കണമെങ്കില്‍ അയാളുടെ വലിയ പ്രവര്‍ത്തനങ്ങളെയല്ല നോക്കേണ്ടത്. ഏതു മഠയനും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു വീരകൃത്യം ചെയ്തു എന്നു വരാം. ഒരു മനുഷ്യന്‍ തന്റെ നിത്യസാധാരണങ്ങളായ കര്‍മ്മങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നു നിരീക്ഷിക്കുക. അവയത്രേ ഒരാളുടേ സ്വഭാവത്തെ നമുക്കു കാണിച്ചു തരുന്നത്.

ലോകത്തു നമ്മള്‍ കാണുന്ന സകല കര്‍മ്മങ്ങളും, സകല പ്രസ്‌ഥാനങ്ങളും മനുഷ്യന്റെ കര്‍മ്മാധിഷ്ഠിതമായ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാണ്‌. ശാസ്ത്രീയമായ ഓരോ കണ്ടെത്തലുകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, യുദ്ധസാമഗ്രികള്‍ ഇവയെല്ലാം മനുഷ്യന്റെ ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളാണ്‌. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത്‌ ഒരോ മനുഷ്യനിലേയും സ്വഭാവമാണ്‌.

ബുദ്ധനോ, ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള സ്വഭാവ സവിശേഷത, അല്ലെങ്കില്‍ മനശ്ശക്തി ഒരു ജന്‍മം കൊണ്ടു സമ്പാദിക്കാവുന്നതല്ല. എന്തെന്നാല്‍ അവരുടെ പിതാക്കന്‍മാര്‍ ആരായിരുന്നു എന്നു നമുക്കു അറിയാം. മനുഷ്യസമുദായത്തിന്റെ നന്‍മക്കായി ഒരിക്കലെങ്കിലും ഒരു വാക്ക്‌ ആ പിതാക്കന്‍മാര്‍ പറഞ്ഞതായി നമുക്കറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു. എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ശുദ്ധോദനനെപ്പോലെ എത്രയോ ചെറിയ രാജാക്കന്‍മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വന്തം ഭൃത്യന്‍മാര്‍ പോലും വകവെച്ചിട്ടില്ലാത്ത ഒരു ശുദ്ധോദനരാജാവ്‌ ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ പുത്രനെ ജനിപ്പിച്ചതെങ്ങനെ? ഒരു ആശാരിക്കും അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായി ആരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്താണു കാരണം?

പാരമ്പര്യം എന്ന സിദ്ധാന്തം കൊണ്ട് ഇവക്കു തൃപ്തികരമായാ മറുപടി ലഭിക്കുന്നില്ല. ബുദ്ധനും യേശുവും ലോകത്തിനുമേള്‍ നിക്ഷേപിച്ച ഗംഭീര മനശ്ശക്തി എവിടെ നിന്നുണ്ടായി? അവരില്‍ത്തന്നെ അന്തര്‍ലീനമായിരുന്ന ആ ശക്തിയെ മറനീക്കി പുറത്തെടുക്കാന്‍ പാകത്തിലുള്ള സ്വഭാവസവിശേഷതയും അതിനുള്ള ആര്‍ജ്ജവും അവരിലുണ്ടായിരുന്നു. സ്വകര്‍മ്മത്തിലൂടെയാണവര്‍ ജ്ഞാനികളായത്‌.

മനുഷ്യന്റെ സ്വഭാവം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാണ്‌. ഇത്‌ അങ്ങനെയല്ലായെന്നു ചിലപ്പോള്‍ തോന്നും. എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോധ്യപ്പെടും. ധനത്തിനുവേണ്ടി ഒരാള്‍ ജീവിതകാലം മുഴുവന്‍ യത്നിച്ചേക്കാം. അയാള്‍ അതിനു വേണ്ടി അനേകായിരം പേരെ വഞ്ചിച്ചിരിക്കാം. എന്നാല്‍ തനിക്കു ധനികനാകാനുള്ള അര്‍ഹത ഇല്ല എന്ന്‌ ഒടുവില്‍ അയാള്‍ അറിയുന്നു. അയാള്‍ക്ക് ജീവിതം ഒരു ബുദ്ധിമുട്ടായി പിന്നീട്‌ അനുഭവപ്പെടുന്നു. ശാരീരികസുഖങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കാന്‍ നമുക്കു കഴിഞ്ഞേക്കാം. എന്നാല്‍ നാം നേടിയതേ യഥാര്‍ത്ഥത്തില്‍ നമ്മുടേതാകയുള്ളൂ. ഒരു മഠയന്‍ ലോകത്തിലെ സകലപുസ്തകങ്ങളും വിലക്കു വാങ്ങി തന്റെ ഗ്രന്‌ഥശാലയില്‍ ശേഖരിച്ചാലും വായിക്കാനയാള്‍ക്ക്‌ അര്‍ഹതയുള്ളതു മാത്രമേ വായിക്കാന്‍ കഴിയൂ. ഈ അര്‍ഹതയാകട്ടെ കര്‍മ്മം കൊണ്ടും അതു വഴിയുള്ള ജ്ഞാനം കൊണ്ടും മാത്രമേ ലഭിക്കുന്നുള്ളൂ.

നമുക്ക്‌ എന്തിനെല്ലാം അര്‍ഹതയുണ്ടെന്നും എന്തെല്ലാം ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങളാകുന്നു. തന്റെ ഇന്നത്തെ അവസ്ഥക്കു ഉത്തരവാദി തന്റെ കര്‍മ്മങ്ങളാണെന്നുള്ള തിരിച്ചറിവു ഓരോരുത്തര്‍ക്കും ഉണ്ടാകേണ്ടതാണ്‌. ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ കര്‍മ്മങ്ങള്‍ കൊണ്ടു സാധിക്കാവുന്നതുമാണ്‌. ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട്‌ ഇതിവിടെ നിര്‍ത്തുന്നു.

ശുഭേന കര്‍മ്മണാ സൌഖ്യം ദു:ഖം പാപേന കര്‍മ്മണാ
കൃതം ഫലതി സര്‍വത്ര നാ കൃതം ഭുജ്യതേ ക്വചിത്‌
തഥാ സ്വര്‍ഗ്ഗശ്ച ഭോഗാശ്ച നിഷ്ഠാ യാ ച മനീഷിതാ
സര്‍വ്വം പുരുഷകാരേണ കൃതനേഹോപലഭ്യതേ
കൃത: പുരുഷകാരസ്തു ദൈവമേവാനുവര്‍ത്തതേ
ന ദൈവമകൃതേ കിഞ്ചിത്‌ കസ്യ ചിദ്‌ ദാതുമര്‍ഹതി.


(ശുഭകര്‍മ്മം കൊണ്ട് സുഖവും പാപകര്‍മ്മം കൊണ്ട് ദു:ഖവും ഉണ്ടാകുന്നു. ചെയ്ത കര്‍മ്മമാണ്‌ സര്‍വത്ര ഫലിക്കുന്നത്‌. ചെയ്യാത്തത്‌ എങ്ങും അനുഭവിക്കാന്‍ കിട്ടുകയില്ല. അതുപോലെ സ്വര്‍ഗ്ഗം, ഭോഗങ്ങള്‍, നിഷ്ഠ, ബുദ്ധി ഇതെല്ലാം ഇവിടെത്തന്നെ ചെയ്ത പുരുഷപ്രയത്നം കൊണ്ടു കിട്ടുന്നു. ചെയ്ത പുരുഷാകാരത്തിന്റെ (കര്‍മ്മത്തിന്റെ) പിന്നാലെ ഭാഗ്യവും ചെല്ലുന്നു. ഒന്നും ചെയ്യാതിരിക്കെ ആര്‍ക്കും തന്നെ ഭാഗ്യം ലഭിക്കുന്നില്ല.)
----------തുടരും